top of page

ശംഖ് (Conch Shells) : ചില അറിവുകൾ

കലാരൂപങ്ങൾ വാദ്യമേളങ്ങൾ അനുഷ്ഠാനങ്ങൾ ഇവയുടെയൊക്കെ ഒരു അവിഭാജ്യ ഘടകമാണ് ശംഖ്. ഭാരതമെമ്പാടും ഈ വാദ്യം പ്രചാരത്തിലുണ്ട്. പണ്ട് പണ്ടേ ഹൈന്ദവാചാരപ്രകാരം പല മംഗളകർമങ്ങളും തുടങ്ങുന്നത് ശംഖുനാദത്തോടെയാണ്. ക്ഷേത്രങ്ങളിലും ശംഖിനു സവിശേഷ സ്ഥാനമുണ്ട് .


ഹിന്ദു മതത്തിൽ മാത്രമൊതുങ്ങാതെ ബുദ്ധമതത്തിലും മതപരമായ പ്രാധാന്യമുള്ളതാണ് ശംഖിന്റെ ഉപയോഗങ്ങൾ . ബുദ്ധമതത്തിൽ ശംഖ് ശുഭസൂചകമായ എട്ട് ബിംബങ്ങളിലൊന്നാണ് എന്ന് മാത്രമല്ല , ശംഖനാദം ബോധിധർമന്റെ ശബ്ദമായും കണക്കാക്കപ്പെടുന്നു.


ഇന്ത്യാമഹാസമുദ്രത്തിൽ കാണപ്പെടുന്ന ഒരു തരം കക്കയാണ് അഥവാ ടർബിനല്ല പൈറം എന്ന ഒരിനം ഇരപിടിയൻ കടൽ ഒച്ചിന്റെ തോടാണ് ശംഖ് .


ഹിന്ദുക്കൾ ശംഖ് ഉപയോഗിച്ചിരുന്നത് മതാചാരങ്ങളുടെ ഭാഗമായും യുദ്ധഭേരിമുഴക്കാനും കൂടാതെ ഔഷധ ഉപയോഗത്തിനും ഒക്കെ ആയിരുന്നു .കൂടാതെ ശംഖുകൾക്ക് പ്രശസ്തി, ദീർഘായുസ്സ്, സമൃദ്ധി എന്നിവ പ്രദാനം ചെയ്യാനും പാപങ്ങളെ അകറ്റാനും കഴിവുണ്ടെന്നാണ് ഹിന്ദു വിശ്വാസം. സമ്പത്തിന്റെ ദേവതയും വിഷ്ണുവിന്റെ പത്നിയുമായ ലക്ഷ്മിയുടെ വാസസ്ഥലമായും ഇത് കരുതപ്പെടുന്നു




ശംഖ് , ഇടംപിരി ശംഖ് , വലംപിരി ശംഖ് എന്നിങ്ങനെ രണ്ടു തരത്തിലുണ്ട് . ക്ഷേത്രങ്ങളിൽ പൂജക്കുപയോഗിക്കുന്നതു സാധാരണയായി ഇടം പിരി ശംഖ് ആണ് . വലംപിരി ശംഖ് വിഷ്ണു സ്വരൂപമായും ഇടംപിരി ശംഖ് ദേവി സ്വരൂപമായും ആയാണ് കണക്കാക്കുന്നത് . മലർത്തി വെക്കുമ്പോൾ ശംഖിന്റെ വായ വലത്തോട്ട് തിരിഞ്ഞിരിക്കുന്നത് വലം പിരിയും ഇടത്തോട്ട് തിരിഞ്ഞിരിക്കുന്നത് ഇടംപിരിയും ആണ് .വലംപിരി ശംഖ് പവിത്രമായി കണക്കാക്കപ്പെടുന്നു , പക്ഷേ ഇത് അപൂർവവും ആണ് .


ശംഖ് പൂരണം എന്ന വാക്ക് കേട്ടിട്ടുണ്ടോ ? പൂജയുമായി ബന്ധപ്പെട്ട വാക്കാണിത് . പരിശുദ്ധമായ കാരണ ജലത്തെ അഥവാ ആദിജലത്തെ പൂജ ചെയ്യുന്നതിനായി ശംഖിലേക്കു ആവാഹിക്കുന്ന ക്രിയയാണിത് . ഈ പരിശുദ്ധ ജലമാണ് പൂജയിൽ ഉപയോഗിക്കുന്നത്



പഞ്ച പാണ്ഡവന്മാർ ഉപയോഗിച്ചിരുന്ന ശംഖുകൾ ഏതെന്നു പറയാം .


യുധിഷ്ഠിരന്റെ ശംഖിന്റെ പേര് അനന്തവിജയം

ഭീമന്റെ ശംഖിന് പറയുന്ന പേര് പൗണ്ഡ്രം

അർജ്ജുനന്റെ ശംഖിന്റെ പേര് ദേവദത്തം

നകുലന്റെ ശംഖിന്റെ പേര് സുഘോഷം

സഹദേവന്റെ ശംഖിന്റെ പേര് മണിപുഷ്പകം


ഇനി ഒരേയൊരു " രാജാവായ " ഭഗവാൻ ശ്രീകൃഷ്ണന്റെ പാഞ്ചജന്യം എന്ന ശംഖിനെ പറ്റി പറയാം .


പ്രഭാസ എന്ന സമുദ്രത്തിന്റെ ആഴങ്ങളിൽ ശംഖിനുള്ളിൽ ശംഖാസുരൻ അഥാവാ പഞ്ചജൻ എന്നൊരു അസുരൻ താമസിച്ചിരുന്നു . പഠന കാലത്തു ശ്രീകൃഷ്ണൻ, ബലരാമൻ, സുദാമാവ് എന്നിവരുടെ ഗുരുവായിരുന്നല്ലോ സാന്ദീപനി മഹർഷി. പഠന ശേഷം ഗുരുദക്ഷിണയായി എന്ത് ചെയ്യണം എന്ന് ചോദിച്ച കൃഷ്ണനോട് , തന്റെ പുത്രനെ ശംഖാസുരൻ എന്ന ദുഷ്ടൻ തട്ടിക്കൊണ്ടുപോയ കഥ പറഞ്ഞു .


ഗുരുദക്ഷിണയായി ഗുരു പുത്രനെ വീണ്ടെടുത്തു നൽകാമെന്നു ശ്രീകൃഷ്ണനും ബലരാമനും തീരുമാനിച്ചു. അവർ സമുദ്രദേവനായ വരുണനെ പ്രത്യക്ഷപ്പെടുത്തി ശംഖാസുരന്റെ താമസ സ്ഥലം കണ്ടുപിടിക്കുകയും തന്റെ ഗുരുപുത്രനെ തട്ടിക്കൊണ്ടുപോയ ആ അസുരനെ (പഞ്ചജൻ) വധിക്കുകയും ശംഖിനുള്ളിൽനിന്നു ഗുരുപുത്രനെ രക്ഷിക്കുകയും ചെയ്തു. അങ്ങനെ ശംഖാസുരൻ വസിച്ചിരുന്ന ശംഖ് ശ്രീകൃഷ്ണന്റെ അഥവാ ശ്രീകൃഷ്ണനായി അവതാരമെടുത്തിരിക്കുന്ന മഹാവിഷ്ണുവിന്റെ കയ്യിൽ എത്തുകയും ചെയ്തു. കൃഷ്ണൻ ഓരോ തവണയും പാഞ്ചജന്യം മുഴക്കുമ്പോൾ അദ്ദേഹത്തിന്റെ അടുത്ത ശത്രുവിനു മേൽ മരണം നിഴൽ വിരിക്കുന്നു എന്നാണ് ഹൈന്ദവവിശ്വാസം.


തലഭാഗത്തു ഏഴു ചുറ്റുള്ള വലം പിരി ശംഖ് ഏറ്റവും ഉത്തമമായി കണക്കാക്കുന്നു . ആയിരം ചുറ്റുള്ള അപൂർവ ശംഖിനെ ചലഞ്ചലം എന്ന് വിളിക്കുന്നു .


എല്ലാ മേഖലയിലും കള്ളനാണയങ്ങൾ ധാരാളം ഉള്ളത് കൊണ്ട് സ്വന്തമായി ശംഖ് തിരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ് , വലം പിരി ശംഖ് ഒക്കെ ആരെങ്കിലും വാഗ്ദാനം ചെയ്യുമ്പോൾ ശ്രദ്ധിക്കുക , കാരണം വളരെ വളരെ അപൂർവമാണ് വലംപിരി ശംഖ് .


bottom of page